ടെഹ്‌റാൻ: ലോകം മുൾമുനയിൽനിന്ന നിമിഷങ്ങൾ പിന്നിട്ട് അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തേക്കു വെടി നിർത്തൽ പ്രഖ്യാപിച്ചതോടെ ലോകം ആശ്വാസത്തിൽ. ഇതിന്‍റെ പ്രതിഫലനമെന്ന വിധം ഒാഹരിവിപണികളിൽ കുതിപ്പുണ്ടായി. എണ്ണവിലയിലും കുറവുണ്ടായി.
താത്കാലിക വെടിനിർത്തൽ മിഡിൽ ഈസ്റ്റിലെ മിസൈൽ ആക്രമണങ്ങൾക്കും ഡ്രോൺ ആക്രമണങ്ങൾക്കും രണ്ടാഴ്ചത്തേക്ക് അറുതിവരുത്തുമെന്നു കരുതുന്നു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ മധ്യസ്ഥതയിൽ സംഘർഷം ലഘൂകരിക്കാൻ ഇറാൻ മുന്നോട്ടുവച്ച പത്തു നിർദേശങ്ങൾ യുഎസ് അംഗീകരിച്ചില്ലെങ്കിലും അവയിൽ ചർച്ചയാകാമെന്നു സമ്മതിച്ചതോടെയാണ് യുദ്ധം താത്കാലികമായി നിർത്താൻ വഴിതെളിഞ്ഞത്.
ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ ഈ നിർദേശങ്ങൾ പരിഗണിക്കപ്പെടും. ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് പ്രകാരം ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ ഇവ:
ആക്രമണരഹിത കരാർ: അമേരിക്കയും ഇറാനും തമ്മിൽ പരസ്പരം ആക്രമിക്കില്ലെന്ന കരാറിൽ ഏർപ്പെടുക.
ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണം: ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്‍റെ നിയന്ത്രണം തുടരുക.
ആണവോർജ അവകാശം: ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം അംഗീകരിക്കുക.
അമേരിക്കൻ ഉപരോധങ്ങൾ നീക്കൽ: ഇറാനുമേൽ അമേരിക്ക നേരിട്ട് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ പ്രാഥമിക ഉപരോധങ്ങളും പിൻവലിക്കുക.
സെക്കൻഡറി ഉപരോധങ്ങൾ പിൻവലിക്കൽ: ഇറാനുമായി വ്യാപാരം നടത്തുന്ന മറ്റ് രാജ്യങ്ങളെ ബാധിക്കുന്ന എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യുക.
യുഎൻ പ്രമേയങ്ങൾ റദ്ദാക്കൽ: ഇറാനെതിരെയുള്ള എല്ലാ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും അവസാനിപ്പിക്കുക.
ഐഎഇഎ പ്രമേയങ്ങൾ അവസാനിപ്പിക്കുക: അന്താരാഷ്‌ട്ര ആറ്റമിക് എനർജി ഏജൻസി (IAEA) ബോർഡ് ഇറാനെതിരെ പാസാക്കിയ എല്ലാ പ്രമേയങ്ങളും റദ്ദാക്കുക.
നഷ്ടപരിഹാരം നൽകുക: ഉപരോധങ്ങളും ആക്രമണങ്ങളും മൂലം ഇറാനുണ്ടായ നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകുക.
സൈനിക പിന്മാറ്റം: മേഖലയിൽനിന്ന് (മിഡിൽ ഈസ്റ്റ്) യുദ്ധ സജ്ജരായ അമേരിക്കൻ സൈനികരെ പൂർണമായും പിൻവലിക്കുക.
സർവതല യുദ്ധവിരാമം: ലെബനനിലെ ഹിസ്ബുള്ള ഉൾപ്പെടെയുള്ള ഇറാൻ അനുകൂല ഗ്രൂപ്പുകൾ ഉൾപ്പെട്ട എല്ലാ പോരാട്ടങ്ങളും അവസാനിപ്പിക്കുക.
എത്രത്തോളം? വ്യക്തതയില്ല
ഈ നിർദേശങ്ങളൊന്നും യുഎസ് അംഗീകരിച്ചതായി സ്ഥിരീകരണമില്ല. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ സമ്മതിച്ചതോടെ യുദ്ധം രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു എന്നതു മാത്രമാണ് അമേരിക്ക നൽകിയിരിക്കുന്ന സ്ഥിരീകരണം. ഇറാൻ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശങ്ങളിലുള്ള ചർച്ചകൾ വിപുലമായ ഒരു സമാധാന കരാറിന് അടിത്തറയായേക്കാമെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള "ഏതാണ്ടെല്ലാ" പ്രധാന പ്രശ്നങ്ങളിലും തത്വത്തിൽ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും ഉപരോധങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിലും സൈനിക പിന്മാറ്റത്തിലും ഇറാന്‍റെ ആവശ്യങ്ങൾ എത്രത്തോളം അംഗീകരിക്കാൻ വാഷിംഗ്ടൺ തയാറാകുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.